മുംബൈ: ഐപിഎല്‍ 2022 സീസണിന്‍റെ അവസാനഘട്ടം പ്രമുഖ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് നഷ്ടമാകുമെന്ന് സൂചന. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ തയ്യാറെടുപ്പിനായി ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചേക്കും. ജൂൺ രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. മെയ് 19ന് മുന്‍പായി ടെസ്റ്റ് ടീമംഗങ്ങള്‍ ഇംഗ്ലണ്ടിൽ എത്താന്‍ ഇസിബി നിര്‍ദ്ദേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
മെയ് അവസാനം വരെ ഐപിഎൽ നീണ്ടേക്കും എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. 22 ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎൽ താരലേലത്തിന് പേര് നൽകിയിട്ടുണ്ട്. ആഷസില്‍ കളിച്ച ജോസ് ബട്‍ലര്‍, ജോണി ബെയര്‍സ്റ്റോ, മാര്‍ക്ക് വുഡ്, ഡേവിഡ് മലാന്‍, സാം ബില്ലിംഗ്സ് എന്നിവര്‍ ഐപിഎൽ ലേലപ്പട്ടികയിലുണ്ട്. ജോസ് ബട്‍ലറെ രാജസ്ഥാന്‍ റോയല്‍സും മോയിന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും നിലനിര്‍ത്തിയിരുന്നു.