ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന്ജയം. 20 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് റൊവ്മാന്‍ പവലിന്റെ സെഞ്ചുറി (107) കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റൺസ് എടുക്കാനാണ് സാധിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-1ന് മുന്നിൽ എത്തി.
225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ടോം ബാന്റണ്‍ (43 പന്തില്‍ 73), ഫിലിപ് സാള്‍ട്ട് (24 പന്തില്‍ 57) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ജേസണ്‍ റോയ് (19), ജയിംസ് വിന്‍സെ (16), മൊയീന്‍ അലി (0), ലിയാം ലിവിംഗ്‌സ്റ്റണ്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. ഹാരി ബ്രൂക്ക് (10), ജോര്‍ജ് ഗാര്‍ട്ടണ്‍ (2), ആദില്‍ റഷീദ് (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. റൊമാരിയൊ ഷെഫേര്‍ഡ് വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. കീറണ്‍ പൊള്ളാര്‍ഡിന് രണ്ട് വിക്കറ്റുണ്ട്.