കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് തീരുമാനം. നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്ന നിലപാടിലാണ് അന്വേഷണസംഘം.
ഫോണ്‍ ഹാജരാക്കാന്‍ കോടതി ഇടപെടണമെന്ന ആവശ്യവും പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിക്കും. ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കാനിരിക്കുകയാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകള്‍ ഇന്ന് ഹാജരാക്കില്ലെന്ന് പ്രതികള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികളുടെ മൊഴികള്‍ തമ്മില്‍ വലിയ വൈരുധ്യമുണ്ടെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് നാളെത്തന്നെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കുകയാണ്.
അതേസമയം,പൊലീസിന് ഫോൺ കൊടുക്കില്ലെന്ന് ദിലീപ്. ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാം. പൊലീസിന് കൈമാറിയാൽ കള്ളക്കഥയുണ്ടാക്കും. ഫോൺ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു.
ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താൻ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ ഹാജരാക്കിയതാണ്. വീണ്ടും ഫോൺ ആവശ്യപ്പെടാൻ നിയമപരമായി അധികാരമില്ല. ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത് നിയമപരമല്ല. നോട്ടീസ് പിൻവലിക്കണം. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുമെന്നും ദിലീപ് പറഞ്ഞു.

















