കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു. ഡിസംബർ പകുതിയോടെ ശ്രീലങ്കൻ നാവികസേന തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ വടക്കൻ ജാഫ്ന ഉപദ്വീപിലെ കോടതിയാണ് ഉത്തരവിട്ടത്.
56 മത്സ്യത്തൊഴിലാളികളെയാണ് വെറുതെ വിടുന്നത്. ഇതോടെ ശ്രീലങ്കയിലെ ജയിലിൽ കഴിയുന്ന എല്ലാ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും സ്വതന്ത്രരാകും.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മോചനം ഉറപ്പാക്കുന്നതിനായി പ്രവർത്തിച്ച ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേയെയും സംഘത്തെയും അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.
















