ചെന്നൈ: നടന്‍ വിജയ്‍ക്കെതിരായ ‘റീല്‍ ഹീറോ’ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി. യു.കെയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന് എന്‍ട്രി ടാക്സ് ചുമത്തിയതിന് എതിരെ കോടതിയെ സമീപിച്ചപ്പോഴായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. താരങ്ങള്‍ വെറും റീല്‍ ഹീറോകള്‍ മാത്രമാകരുതെന്നും ദേശവിരുദ്ധ സമീപനമാണിതെന്നുമാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം പറഞ്ഞത്. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
“ജനങ്ങളുടെ ധാരണ ഇവര്‍ യഥാര്‍ഥ ജീവിതത്തിലും ഹീറോകളാണെന്നാണ്. റീല്‍ ഹീറോകള്‍ മാത്രമാവരുത്. നികുതിവെട്ടിപ്പിനെ ദേശവിരുദ്ധ മനോഭാവമായും ചിന്താഗതിയായും ഭരണഘടനാ വിരുദ്ധമായും വ്യാഖ്യാനിക്കണം. സാമൂഹ്യനീതി കൊണ്ടുവരാനുള്ള ചാമ്പ്യന്മാരായി സ്വയം ചിത്രീകരിക്കുന്നവരാണ് അഭിനേതാക്കൾ. അവരുടെ ചിത്രങ്ങൾ സമൂഹത്തിലെ അഴിമതിക്ക് എതിരാണ്. എന്നാൽ അവർ നികുതി വെട്ടിപ്പ് നടത്തുകയും ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു”- എന്നാണ് ജസ്റ്റിസ് സുബ്രഹ്മണ്യം ഉത്തരവിൽ പറഞ്ഞത്.
ഈ പരാമര്‍ശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുന്‍പ് വിജയ് നല്‍കിയ ഹര്‍ജിയിലാണ് ‘റീല്‍ ഹീറോ’ പരാമര്‍ശം നീക്കിയത്. വാദം കേട്ട ജസ്റ്റിസുമാരായ സത്യനാരായണയും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് വിജയ്‍ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം നടത്തിയ പരാമര്‍ശം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.
തന്‍റെ അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി നല്‍കിയ ഹര്‍ജിയില്‍ ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന് വരുന്ന നികുതിയായ 32 ലക്ഷവും താന്‍ അടച്ചതായി വിജയ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നികുതിയിളവിന് കോടതികളെ സമീപിക്കുന്ന ‘റീല്‍ ഹീറോകളെ’ വിമര്‍ശിച്ച കോടതി ഈ സമീപനം ദേശവിരുദ്ധമാണെന്നും നിരീക്ഷിച്ചിരുന്നു. എന്‍ട്രി ടാക്സിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി അന്ന് വിധിച്ചിരുന്നു.