വടക്കഞ്ചേരി: മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് പന്നിയങ്കര ടോൾ പ്ലാസ സന്ദർശിച്ചു. പ്രദേശവാസികൾക്ക് സൗജന്യപാസ് നൽകുകയും ആറുവരിപ്പാതയുടെ ശേഷിച്ച എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രമെ ടോൾ പിരിവ് നടത്താൻ പാടുള്ളൂ എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ദേശീയ പാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ടി.എൻ. പ്രതാപൻ എം.പി, തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വടക്കഞ്ചേരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹന ഉടമകൾക്ക് സൗജന്യപാസ് നൽകണമെന്നും വടക്കഞ്ചേരി വാണിയമ്പാറ സർവീസ് റോഡ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.