തിരുവനന്തപുരം: കാഞ്ഞങ്ങാട് നഗരത്തിന് സമീപത്തെ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതൻ നഗ്‌നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.
കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നുഴഞ്ഞുകയറിയ കൈലി മുണ്ട് മാത്രമുടുത്ത മുഖം മൂടിയ ആള്‍ നൃത്തം ചെയ്യുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടികള്‍ ക്ലാസ്സില്‍ നിന്നും പുറത്തുപോയി. നഗ്നതാപ്രദര്‍ശനം നടത്തിയത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലെന്ന് വ്യക്തമായതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസ്സിൻ്റെ ലിങ്ക് കൈവശപ്പെടുത്തിയ ആരെങ്കിലും ദുരുപയോഗം ചെയ്തത് ആകാമെന്നാണ് വിലയിരുത്തല്‍.

















