ബ്രസൽസ്: റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന ആശങ്ക ശക്തമായതോടെ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നു പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അറിയിച്ചു. കൂടുതൽ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും അയയ്ക്കും. ആക്രമണനീക്കമില്ലെന്നു വ്യക്തമാക്കിയ റഷ്യ, നാറ്റോയുടേതു സംഘർഷം വർധിപ്പിക്കുന്ന നടപടിയാണെന്നു കുറ്റപ്പെടുത്തി.
അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി. ബ്രിട്ടീഷ് നയതന്ത്രജ്ഞർക്ക് പ്രത്യേക ഭീഷണികളില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കിയവിൽ ജോലി ചെയ്യുന്ന പകുതിയോളം ജീവനക്കാരും യുകെയിലേക്ക് മടങ്ങും. യുക്രെയ്നിലെ യുഎസ് എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് രാജ്യംവിടാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആണ് ഞായറാഴ്ച ഉത്തരവിട്ടത്. എപ്പോൾ വേണമെങ്കിലും അധിനിവേശം പ്രതീക്ഷിക്കാമെന്ന് പറഞ്ഞാണ് അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോട് രാജ്യവിടാൻ ആവശ്യപ്പെട്ടത്. നടപടി ഒഴിപ്പിക്കലല്ലെന്നും കിയവ് എംബസി തുറന്ന് പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
യുക്രെയ്നിലേക്കും റഷ്യയിലേക്കും യാത്ര ചെയ്യരുതെന്ന് അമേരിക്കക്കാർക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജീവനക്കാരുടെ ബന്ധുക്കളെ പിൻവലിക്കുന്നത് യുഎസിന്റെ അമിതജാഗ്രതയാണ് വ്യക്തമാക്കുന്നതെന്ന് യുക്രെയ്ൻ ആരോപിച്ചു. യുക്രെയ്നിലെ യൂറോപ്യൻ യൂനിയൻ ജീവനക്കാർ തൽക്കാലം സ്ഥലത്ത് തുടരുമെന്ന് പറഞ്ഞ യൂറോപ്യൻ യൂനിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ സംഘർഷത്തെ നാടകീയമാക്കാനില്ലെന്ന് വ്യക്തമാക്കി.
യുക്രെയ്ൻ അതിർത്തിയിൽ ആഴ്ചകളായി ഒരു ലക്ഷത്തോളം റഷ്യൻ സൈനികരാണു സജ്ജരായി നിൽക്കുന്നത്. മിസൈലുകളും ടാങ്കുകളും അടക്കം യുദ്ധസാമഗ്രികളും വിന്യസിച്ചിട്ടുണ്ട്. മുൻ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്നിനെ 2014ൽ ആക്രമിച്ച റഷ്യ ക്രൈമിയ പിടിച്ചെടുത്തിരുന്നു. യുക്രെയ്ൻ നാറ്റോ അംഗമല്ലെങ്കിലും അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, റുമേനിയ, സ്ലോവാക്യ എന്നിവ നാറ്റോ അംഗരാജ്യങ്ങളാണ്.
ഭീഷണി നേരിടാൻ കിഴക്കൻ യൂറോപ്പിലേക്ക് 5000 സൈനികരെ അയയ്ക്കാനുള്ള ശുപാർശ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. ഹംഗറിയുടെ ആണവനിലയ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിക്തോർ ഓർബാൻ അടുത്തയാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ഫ്രാൻസ്, ജർമനി, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ ഉപദേഷ്ടാക്കൾ നാളെ പാരിസിൽ ചർച്ച നടത്തും.