മലപ്പുറം: നിശ്ചിത സമയത്തിനുള്ളില്‍ അധ്യാപക പരിശീലന കോഴ്സായ ഡി.എല്‍.എഡ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഒരുവര്‍ഷം നഷ്ടമാകുമെന്ന ആശങ്കയില്‍ 2020-22 ബാച്ച് വിദ്യാര്‍ഥികള്‍.കോഴ്സ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന ആരോപണവുമുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകിയിരുന്നു.
കോവിഡ് സാഹചര്യം മൂലം സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ അധ്യാപക പരിശീലനം അവതാളത്തില്‍ ആയിരിക്കുകയാണ്. ഓണ്‍ലൈനായി പരിശീലനത്തില്‍ പങ്കെടുക്കാനാണ് നിലവിലുള്ള നിര്‍ദേശം. സാഹചര്യങ്ങളെ മനസ്സിലാക്കി ഒരുവര്‍ഷം നഷ്ടമാകാത്ത രീതിയില്‍ കോഴ്സ് പൂര്‍ത്തീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
അഡ്മിഷന് നടക്കാന്‍ താമസിച്ചത് രണ്ടുവര്‍ഷം കോഴ്സ് എന്നുള്ളത് നിലവില്‍ മൂന്നു വര്‍ഷ കാലയളവിലേക്കാണ് നീങ്ങുന്നത്. നാല് സെമസ്റ്റര്‍ ഉള്ള കോഴ്സിന്റെ രണ്ട് സെമസ്റ്റര്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. അടുത്തിടെ പ്രസിദ്ധീകരിച്ച കലണ്ടര്‍ പ്രകാരം കോഴ്സ് തീര്‍ക്കണമെങ്കില്‍ നവംബര്‍ എങ്കിലും ആകും. ഇത്തരത്തില്‍ കോഴ്സ് നീണ്ടു പോവുകയാണെങ്കില്‍ ഫലപ്രഖ്യാപന ശേഷം കുട്ടികളുടെ കൈയില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് ഏകദേശം ജനുവരി 2023 ഓടെ ആയിരിക്കും. ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടമാകുന്ന തരത്തിലാണ് കോഴ്സ് അവസാനിക്കുക.
മൂന്നാം സെമസ്റ്ററിലും നാലാം സെമസ്റ്ററിലും ഉള്ള അധ്യാപക പരിശീലന ദിനങ്ങള്‍ ഗണ്യമായി കുറച്ചെങ്കില്‍ മാത്രമേ കോഴ്സ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്ന അഭിപ്രായമുണ്ട്. അല്ലാത്തപക്ഷം പ്ലസ് ടു അടിസ്ഥാന യോഗ്യതയായി ഈ കോഴ്സിന് ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈയില്‍ ഡിഗ്രിയുടെയും പി.ജിയുടെയും അഡ്മിഷന് നടക്കുന്ന അവസരത്തില്‍ തുടര്‍പഠനത്തെ ബാധിക്കും.