കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. വിജയത്തിനടുത്തെത്തിയ ശേഷം വെറും നാലു റണ്ണിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് എല്ലാവരും പുറത്തായി.
ഒരു ഘട്ടത്തില്‍ ഏഴിന് 223 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വിജയത്തിനടുത്തെത്തിച്ചത് ദീപക് ചാഹറാണ്. വെറും 34 പന്തുകള്‍ നേരിട്ട ചാഹര്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്തു. 48-ാം ഓവറിലെ ആദ്യ പന്തില്‍ ചാഹര്‍ പുറത്തായതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു.
ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളും പാഴായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറിയും റാസ്സി വാന്‍ഡെര്‍ ദസ്സന്റെ അര്‍ധ സെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.
17-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഡിക്കോക്ക് 130 പന്തില്‍ നിന്ന് രണ്ട് സിക്സും 12 ഫോറുമടക്കം 124 റണ്‍സെടുത്തു. ദസ്സന്‍ 59 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം 52 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തി. 9.5 ഓവറിൽ 59 റൺസ് വഴങ്ങിയാണ് പ്രസിദ്ധ് മൂന്നു വിക്കറ്റ് പിഴുതത്. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 52 റൺസ് വഴങ്ങിയും ദീപക് ചാഹർ എട്ട് ഓവറിൽ 53 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒൻപത് ഓവറിൽ 47 റൺസ് വഴങ്ങിയ യുസ്‌വേന്ദ്ര ചെഹലും ഒരു വിക്കറ്റ് വീഴ്ത്തി.