പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് വിനീത് ശ്രിനിവാസന്‍റെ സംവിധാനത്തില്‍ ഇന്നലെ തിയറ്ററുകളിലെത്തിയ ‘ഹൃദയം’ . വിനീതും പ്രണവും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷകളുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കൊവിഡ് സാഹചര്യമായിട്ടും ആദ്യദിനം ഭൂരിഭാഗം സെന്‍ററുകളിലും ഹൗസ്‍ഫുള്‍ ഷോകള്‍ കളിച്ച ചിത്രത്തിന് മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്. ഇപ്പോൾ ഇതാ ‘ഹൃദയ’ത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.
‘നാടോടിക്കാറ്റി’ലെ ഒരു ശ്രദ്ധേയ രംഗത്തിന്‍റെ ലൊക്കേഷനായിരുന്ന ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ നിന്നുള്ള തന്‍റെയും വിനീതിന്‍റെയും ചിത്രമാണ് പ്രണവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. “കീഴടക്കിക്കളയുന്ന ഈ പ്രതികരണങ്ങള്‍ക്കും സ്‍നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു”, ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചു. പ്രണവിനൊപ്പമുള്ള ഇതേ ചിത്രം വിനീത് ശ്രിനിവാസനും ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു.
















