ഗാന്ധിജിയുടെ പ്രിയഗാനം റിപബ്ലിക് ഡേ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്നും ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. റിപബ്ലിക് ആഘോഷങ്ങളുടെ സമാപനമായി എല്ലാ വർഷവും ജനുവരി 29ന് നടക്കുന്ന ചടങ്ങിൽനിന്ന് ‘അബിഡെ വിത്ത് മി’ എന്ന ഗാനമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. 1950 മുതൽ അവതരിപ്പിച്ച് വരുന്നതാണ് സ്‌കോട്ടിഷ് ആംഗ്ലിക്കൻ സാഹിത്യകാരനായ ഹെൻട്രി ഫ്രാൻസിസ് ലൈറ്റ് എഴുതിയ ഈ ഗാനം. വില്യം ഹെൻട്രി മോങ്ക് സംഗീതം നൽകിയ ഗാനം 2020ലാണ് ആദ്യമായി ഒഴിവാക്കിയത്. ദൈവത്തോടുള്ള പ്രാർത്ഥനയാണ് ഗാനത്തിന്റെ ഉള്ളടക്കം. മഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരെ ആദരിച്ചുള്ളതുമാണ് ഗാനം ആലപിച്ചിരുന്നത്.
ഡൽഹി ഇന്ത്യാഗേറ്റിൽ അരനൂറ്റാണ്ടായി അണയാതെ കത്തിയ അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കവും കേന്ദ്രം നടത്തിയിരിക്കുന്നത്. റിപബ്ലിക് ഡേ ചടങ്ങുകളിലടക്കം നേരത്തെ ബ്രിട്ടീഷ് മാർഷ്യൽ സംഗീതമാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. പക്ഷെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സംഗീതജ്ഞരുടെ ഗാനങ്ങൾ കൊണ്ടുവരികയാണ്. ഈ വർഷം ലതാ മങ്കേഷ്‌കറുടെ ഗാനമായ ‘ഐ മേരേ വതൻ കെ ലോഗോൻ’ ട്യൂണുകളുടെ ലിസ്റ്റിലുണ്ട്. ‘അബിഡവിത്ത് മി’ ഒഴിവാക്കിയതിൽ ട്വിറ്ററും നവമാധ്യമങ്ങളിലും എല്ലാം പ്രതിഷേധം ഉയരുകയാണ് .
















