ഗോവയിൽ തിരഞ്ഞെടുപ്പ് എത്തിനിൽക്കെ ബിജെപി ക്യാംപിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ച് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടി വിടുന്നു. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടംലഭിക്കാത്തതാണ് പ്രകോപനമെന്നാണ് ഇപ്പോൾ അറിയുന്നത്.
പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്നും ഇന്നു വൈകീട്ടോടെ രാജിക്കത്ത് നൽകുമെന്നും പർസേക്കർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ രാജിക്കാര്യത്തിൽ മാത്രമേ തീരുമാനമായിട്ടുള്ളൂവെന്നും ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും പർസേക്കർ അറിയിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രിക സമിതിയുടെ തലവനാണ് പർസേക്കർ. അന്തരിച്ച മനോഹർ പരീക്കറിനുശേഷം ഗോവയിൽ ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളുമാണ്. മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രിയായതോടെയാണ് 2014ൽ പർസേക്കർ ഗോവ മുഖ്യമന്ത്രിയായത്.