യുപി യിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ബി.ജെ.പി ഒഴികെ ഏതു പാർട്ടിയുമായും തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത തുറന്നിടുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യ ഗേറ്റിന് കീഴിൽ സ്ഥാപിച്ചിരുന്ന അമർജവാൻ ജ്യോതി ഒരിയ്ക്കലും കെടുത്താൻ പാടില്ലായിരുന്നെന്ന് പ്രിയങ്ക ഗാന്ധി വിമർശിക്കുകയും ചെയ്തു.
കോൺഗ്രസ് ആസ്ഥാനത്ത് യുവജന പ്രകടന പത്രിക പ്രകാശനം ചെയ്തപ്പോൾ, യു.പിയിലെ കോൺഗ്രസ് മുഖം താനാണെന്ന് അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധമാണ് പ്രിയങ്കഗാന്ധി വ്യക്തമാക്കിയത്. തനിക്ക് പകരം മറ്റാരെയെങ്കിലും കോൺഗ്രസ് മുഖമായി അവിടെ കാണുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകരോട് ചോദിക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇപ്പോൾ കൂടുതൽ വിശദീകരണവുമായി പ്രിയങ്ക എത്തിയത്. തുടർച്ചയായ ചോദ്യങ്ങളിൽ പ്രകോപിതയായി പറഞ്ഞെന്നാണ് ഉയർത്തുന്ന വാദം.
















