കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 1969ൽ ഈസ്റ്റ് ബംഗാളിലൂടെയാണ് സുഭാഷ് ഭൗമിക് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്.
കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന് വേണ്ടിയും ഈസ്റ്റ് ബംഗാളിനായും അദ്ദേഹം ബൂട്ടുകെട്ടി. 1970നും 1985നും ഇടയില്‍ ഇന്ത്യന്‍ ഫുട്ബോളിൻ്റെ മുന്നേറ്റ നിരയിലെ നിറസാന്നിധ്യമായിരുന്നു. വലത് വിങ്ങറായിരുന്ന സുഭാഷ് ഭൗമിക് തൻ്റെ ഡ്രിബ്ലിങ് സ്കില്‍ കൊണ്ടാണ് എതിരാളികളുടെ പ്രതിരോധ വലയങ്ങളെ നിഷ്പ്രഭമാക്കിയിരുന്നത്.
ഈസ്റ്റ് ബംഗാളിനായി 165 ഗോളും മോഹന്‍ ബഗാന് വേണ്ടി 85 ഗോളുകളും വലയിലാക്കി. ഇന്ത്യന്‍ കുപ്പായത്തില്‍ 69 കളിയില്‍ നിന്ന് വാരിയത് 50 ഗോളും. 1970ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സംഘത്തിലും അംഗമായിരുന്നു. 1971ല്‍ മെര്‍ദേക കപ്പില്‍ ഫിലിപ്പൈന്‍സിന് എതിരെ ഹാട്രിക് നേടി.
കൊല്‍ക്കത്തയുടെ ജോസ് മൗറിഞ്ഞോ എന്നായിരുന്നു സുഭാഷ് ഭൗമിക്കിൻ്റെ വിളിപ്പേര്. ഈസ്റ്റ് ബംഗാളിനെ തുടരെ നാഷണല്‍ ലീഗ് കിരീടങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനായി. ചര്‍ച്ചില്‍ ബ്രദേഴ്സിൻ്റെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്നും അദ്ദേഹം ടീമിനെ നേട്ടങ്ങളിലേക്ക് എത്തിച്ചു.
ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മൊഹമ്മദൻ, സാൽഗോക്കർ തുടങ്ങിയ ക്ലബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. വിവാദങ്ങളും അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. 2005ല്‍ അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.