കൊച്ചി: കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർകോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഎം സമ്മേളനങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഏകെജി സെന്ററില്‍ നിന്നാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപിആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ സമ്മേളനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു ജില്ലകളെയും എ,ബി, സി കാറ്റഗറികളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി, 300 ഉം, 400 ഉം 500 ഉം പേര് കൂടുന്നത് കോവിഡിനെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് സഹായകരമാകും. തിരുവനന്തപുരം ജില്ലയിലെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി, എംഎല്‍എമാര്‍, നൂറുകണക്കിന് പാര്‍ട്ടി നേതാക്കന്മാര് തുടങ്ങിയവര്‍ക്ക് വ്യാപകമായി കോവിഡ് രോഗം ബാധിച്ചതാണ്.
ആ പരിപാടിയില്‍ പങ്കെടുത്ത നേതാക്കന്മാര് ക്വാറന്റീനില്‍ പോകാതെ, ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് വിതരണം നടത്തുകയാണ്. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്തരത്തില്‍ നടത്തിയിട്ടില്ല. എന്തു കോവിഡായാലും തങ്ങള്‍ പാര്‍ട്ടി സമ്മേളനം നടത്തുമെന്ന വാശിയിലാണ് സിപിഎം. ഹോം കെയര്‍ എടുക്കാനാണ് സര്‍ക്കാര്‍ പറയുന്നത്.
വീട്ടില്‍ ചികിത്സയെന്ന് പറഞ്ഞിട്ട്, ആശുപത്രികളിലെ രോഗികളുടെ കണക്ക് വെച്ച് മാനദണ്ഡമുണ്ടാക്കി. ആശുപത്രിയില്‍ പോകേണ്ടെന്നാണ് പോകേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാരണം ആവശ്യത്തിന് മരുന്നുകളില്ല, സിഎഫ്എല്‍ടിസികള്‍ പോലുമില്ലെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി. നേരത്തെ എന്തെല്ലാമാണ് നേതാക്കളെ അധിക്ഷേപിച്ചിരുന്നത്.
പാലക്കാട് ഭക്ഷണം പോലുമില്ലാതെ പൊരിവെയിലത്ത് കിടന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെ കാണാന്‍ പോയ മൂന്ന് എംപിമാരെയും രണ്ട് എംഎല്‍എമാരെയും പരിഹസിക്കുകയും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ തിരുവവനന്തപുരം സമ്മേളനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് അസുഖം വന്നിട്ട്, അതില്‍ പങ്കെടുത്ത നേതാക്കന്മാരെന്തേ ക്വാറന്റീനില്‍ പോകാത്തതെന്ന് വി ഡി സതീശന് ചോദിച്ചു.
അവര്‍ ബാക്കിയുള്ള ജില്ലാ സമ്മേളനങ്ങളില്‍ പോയി രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടാണ് ജനങ്ങളെ ഉപദേശിക്കുന്നത്. സിപിഎം നേതാക്കളും മന്ത്രിമാരും കേരളത്തില്‍ മരണത്തിൻ്റെ വ്യാപാരികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. കോവിഡ് പടരുന്നത് തടയാന്‍ വകുപ്പ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് അറിയില്ല. കൈവിട്ടുപോയി. ആരോഗ്യ വകുപ്പ് സെക്രട്ടറിയും വിദഗ്ധ സമിതി അധ്യക്ഷനുമൊക്കെ എകെജി സെന്ററില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലക്കിരുത്തി ചിലര്‍ ഭരണം നിയന്ത്രിക്കുകയാണെന്ന് വി ഡി സതീശന് ആരോപിച്ചു. ജില്ലയിലെ ഗുരുതരാവസ്ഥ മനസ്സിലാക്കി കാസര്‍കോട് കളക്ടര്‍ ഇന്നലെ ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് ഇറക്കി.
എന്നാല്‍ മണിക്കൂറുകള്‍ക്കകം കളക്ടറെക്കൊണ്ട് ആ ഉത്തരവ് സിപിഎം പിന്‍വലിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് ജാഗ്രത കാണിക്കണമെന്ന് പറയുന്നു. തോന്നുന്ന ജില്ലകളില്‍ തോന്നുന്ന മാനദണ്ഡങ്ങള്‍ വെച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത് ജനങ്ങളെ പരിഹസിക്കലാണ്. കോവിഡ് രോഗബാധ ഇത്രമാത്രം ഉണ്ടാക്കുന്നതിന് പ്രധാനകാരണമായി സിപിഎം സമ്മേളനങ്ങള്‍ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ തൃശൂര്‍ നാലാം സ്ഥാനത്താണ്.
അവിടെ സമ്മേളനം നടത്തുന്നത് നിയമപരമായി ശരിയാണോ?. സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ടിപിആര്‍ അനുസരിച്ചാണെങ്കില്‍ തൃശൂരില്‍ ജില്ലാ സമ്മേളനം നടത്താനാവില്ല. കേന്ദ്രത്തിനെതിരായ പെട്രോള്‍ വില വര്‍ധനവിനെതിരായ സമരത്തില്‍, മുമ്പ് അഞ്ചുപേര്‍ കൂടിയതിന് പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.
അന്ന് അഞ്ചുപേര്‍ അനുവദനീയമായ കാലത്താണ് കേസെടുത്തത്. ഇപ്പോള്‍ തിരുവാതിര കളിയും ആഘോഷപരിപാടികളും കലാപരിപാടികളും ഒക്കെ നടത്തി സമ്മേളനങ്ങള്‍ പൊടിപൊടിക്കുകയാണ്. സിപിഎമ്മിന് ഒരു മാനദണ്ഡം, മറ്റുള്ളവര്‍ക്ക് വേറെ മാനദണ്ഡം ഇതാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു.