കാബൂളില്‍ പത്ത് പേരുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍മാറുന്നതിന്‍റെ അവസാന ഘട്ടത്തില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29ന് നടന്ന ആക്രമണം സംബന്ധിച്ച് ആദ്യം അമേരിക്ക നിഷേധിച്ചെങ്കിലും പിന്നീട് തങ്ങള്‍ക്കു പറ്റിയ ഒരു പിഴവായിരുന്നു ഇത് എന്ന് സമ്മതിച്ചിരുന്നു.
ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമം പ്രകാരമുള്ള നിയമ നടപടിയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആക്രമണം നടത്തിയ ജനവാസ കേന്ദ്രത്തെ ലക്ഷ്യംവെക്കുന്നതിന്റെയും തുടർന്നുള്ള ആക്രമണത്തിന്റെയും ആകാശ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ഒന്ന് മിസൈല്‍ ആക്രണമത്തില്‍ തകര്‍ക്കപ്പെടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്താനുള്ള ഐഎസ് തീവ്രവാദികളുടെ ശ്രമം തടയുന്നതിനാണ് വ്യോമാക്രമണം നടത്തിയതെന്നായിരുന്നു അമേരിക്കന്‍ സൈന്യം പറഞ്ഞിരുന്നത്. വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന വലിയ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ നശിപ്പിച്ചതായും സൈന്യം അവകാശം ഉയർത്തിയിരുന്നു.