റാവല്‍പ്പിണ്ടി: സുഹൃത്തായിരുന്ന വ്യക്തിക്ക് പ്രവാചകൻ മുഹമ്മദ് നബിയുടെ ഹാസ്യ ചിത്രങ്ങൾ അയച്ച സംഭവത്തിൽ സ്ത്രീക്ക് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. റാവൽപിണ്ടി കോടതിയുടെതാണ് ഉത്തരവ്. 2020ൽ ഫാറൂഖ് ഹസനത്ത് എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിക അത്തീഖ് എന്ന സ്ത്രീയെ കോടതി കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. പ്രവാചകനെതിരെ മതനിന്ദ, ഇസ്‍ലാമിനെ അപമാനിക്കൽ, സൈബർ നിയമങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.
അനികയും ഫാറൂഖും സുഹൃത്തുക്കളായിരുന്നു. പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ അനിക തനിക്ക് മെസ്സേജ് ചെയ്‌തെന്നും തുടര്‍ന്ന് തമ്മില്‍ പ്രശ്‌നമുണ്ടായെന്നും ഫാറൂഖ് ആരോപിച്ചു. ഫെയ്‌സ്ബുക്ക് വഴി ഇത്തരത്തിലുള്ള മെസ്സേജുകള്‍ അനിക സ്ഥിരമായി പ്രചരിപ്പിക്കാറുണ്ടെന്നും ഇയാള്‍ ആരോപിച്ചു. മെസ്സേജ് ഡിലീറ്റ് ചെയ്ത് മാപ്പു പറയാന്‍ ആവശ്യപ്പെട്ടിട്ടും അനിക തയ്യാറായില്ലെന്നും ഇയാള്‍ പറഞ്ഞു.
അനിക മനപ്പൂര്‍വ്വം മുസ്ലിം മതത്തെ അപമാനിച്ചെന്നും പ്രവാചക നിന്ദ നടത്തിയെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു. താന്‍ ഫാറൂഖുമായുള്ള സൗഹൃദം തുടരാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് ഇയാള്‍ ഇത്തരമൊരു പരാതി കെട്ടിച്ചമച്ചത് എന്നാണ് അനിക കോടതിയില്‍ വാദിച്ചത്. പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് വധശിക്ഷ വിധിക്കുന്നതും ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവുള്ളതാണ്. കഴിഞ്ഞവര്‍ഷം ഒരു ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം തീവെച്ച് കൊന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.