ഇസ്ലാമാബാദ്: ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ( പിഐഎ) ഒരു വിമാനം സൗദിയിലെ റിയാദിൽ നിന്ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേയ്ക്ക് പറക്കുകയായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ വിമാനം ലാന്റ് ചെയ്യേണ്ടി വന്നു.ശേഷം കാലാവസ്ഥ ശരിയായപ്പോൾ വിമാന യാത്ര തുടങ്ങാൻ പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. തന്റെ ഷിഫ്റ്റ് സമയം അവസാനിച്ചു അതിനാൽ ഇനി ജോലി ചെയ്യാൻ കഴിയില്ല എന്നാണ് പൈലറ്റ് നൽകിയ മറുപടി. പൈലറ്റിന്റെ പെരുമാറ്റത്തിൽ പ്രകോപിതരായ യാത്രക്കാർ വിമാനത്തിൽ നിന്നും ഇറങ്ങാൻ വിസമ്മതിക്കുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.
ശേഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചാണ് ദമാം വിമാനത്താവളത്തിന്റെ അധികൃതർ പ്രശ്നം പരിഹരിച്ചത്. ഉദ്യോഗസ്ഥരെത്തി യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തി. എല്ലാ യാത്രക്കാരും വിശ്രമിക്കണമെന്നും രാത്രി 11മണിക്ക് തന്നെ ഇസ്ലാമാബാദ് വിമാനത്താവളത്തിൽ എത്തിക്കുമെന്നും ഉറപ്പു നൽകിയ ശേഷമാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.അതേസമയം ഒരു യാത്ര കഴിഞ്ഞാൽ പൈലറ്റ് വിശ്രമിക്കേണ്ടത് വിമാനത്തിന്റെയും അതിലെ യാത്രക്കാരുടെയും സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് പിഐഎ വിഷയത്തിൽ പ്രതികരിച്ചത്. പാകിസ്ഥാൻ വിമാനക്കമ്പനി അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രണ്ട് മാസം തികയുന്നതിനു മുമ്പാണ് ഇങ്ങനെയൊരു സംഭവം നടന്നത്.