ഒരു സംസ്ഥാനത്തിന്റെ തന്നെ ജീവവായുവായ ഒരു കാടിന്റെ നിലനിൽപ്പ് പോലും ചോദ്യമായിരുന്നു ഒരു കാലത്ത്, അതിന്റെ തലവര തന്നെ മാറ്റി വരക്കാൻ കാരണക്കാരിയായത് ഒരു കടുവയായിരുന്നു. കോളർവാലി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന, രാജ്യത്തെ ഏറ്റവും പ്രശസ്തമായ കടുവകളിൽ ഒന്നായ അവൾ ഈ വാരാന്ത്യത്തിൽ വിടപറഞ്ഞു. രാജ്യത്തെ മൃഗ സ്നേഹികളെയും, പരിസ്ഥിതി സ്നേഹിക്കയും പ്രവർത്തകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തിയായിരുന്നു 16-ാം വയസ്സിലെ അവളുടെ വിടപറച്ചിൽ.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് കോളർവാലി മരിച്ചത്. അവൾ താമസിച്ചിരുന്ന മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവ് വന്യജീവി സങ്കേതത്തിന്റെ തലവര മാറ്റുന്നതിൽ അവൾ വലിയ പങ്കുവഹിച്ചു. അവൾ ധരിച്ചിരുന്ന റേഡിയോ കോളർ കാരണമാണ് കോളർവാലി എന്ന വ്യത്യസ്തമായ പേര് ലഭിച്ചത്. അവൾ തന്റെ ജീവിതകാലത്ത് 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പെഞ്ച് ടൈഗർ റിസർവിന്റെ തലവര തന്നെ മാറ്റിയ 29 കുഞ്ഞുങ്ങൾ.
ബിബിസി വൈൽഡ് ലൈഫ് ഡോക്യുമെന്ററിയായ സ്പൈ ഇൻ ദി ജംഗിളിൽ അഭിനയിച്ചതിന് ശേഷം അവൾ ഇന്ത്യയിലും പുറത്തും ഒരുപോലെ അറിയപ്പെടുന്ന കടുവകളിൽ ഒരാളായി മാറി.രണ്ട് വർഷത്തിനിടെയുള്ള അവളുടെ ജീവിതം ട്രാക്ക് ചെയ്തായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. ഡോക്യുമെന്ററി പാർക്കിലേക്കുള്ള സന്ദർശകരുടെ കുതിപ്പിന് കാരണമായി. സന്ദർശകരിൽ പലരും കോളർവാലിയെയും അവളുടെ കരിസ്മാറ്റിക് അമ്മയെയും കുറിച്ച് ചോദിക്കുമെന്ന് 2004 ൽ പെഞ്ചുമായുള്ള ബന്ധം ആരംഭിച്ച പ്രകൃതിശാസ്ത്രജ്ഞനായ പ്രബീർ പാട്ടീൽ പറയുന്നു.
പ്രകൃതിശാസ്ത്രജ്ഞരും ഫോറസ്റ്റ് ഓഫീസർമാരും വന്യജീവി ഫോട്ടോഗ്രാഫർമാരും റിസർവിൽ വളരുന്ന ഒരു മൃഗത്തെക്കുറിച്ച് സ്നേഹപൂർവ്വം സംസാരിക്കുന്നു .റുഡ്യാർഡ് കിപ്ലിംഗിന്റെ ക്ലാസിക്, ദി ജംഗിൾ ബുക്കിന് പ്രചോദനം നൽകിയത് അതേ വനങ്ങളാണ്. അവൾ 2005 ൽ ടി -15 ആയി ജനിച്ചു – “ബാഡി മാതാ” അല്ലെങ്കിൽ “വലിയ അമ്മ” എന്ന് അറിയപ്പെടുന്ന അവളുടെ അമ്മയും ഒരു പ്രശസ്ത കടുവയായിരുന്നു. അവളുടെ പിതാവിന്റെ പേര് T-1 എന്നായിരുന്നു. പിന്നീട്, അവളെ കോളർവാലി എന്ന് വിളിക്കപ്പെട്ടു. കോളർ ഉള്ളവൾ എന്നാണ് അർഥം. പഠനത്തിന്റെ ഭാഗമായി റേഡിയോ കോളർ ഘടിപ്പിച്ച പാർക്കിലെ ആദ്യത്തെ കടുവയായപ്പോൾ മുതലാണ് ഇവൾക്ക് ഈ വിളിപ്പേര് വന്നത്.
വന്യജീവി സ്നേഹികൾ അവളെ സ്നേഹപൂർവ്വം “മാതരം” അല്ലെങ്കിൽ “ബഹുമാനപ്പെട്ട അമ്മ” എന്നും വിളിച്ചിരുന്നു. 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അവർക്ക് അർഹിക്കുന്ന വിളിപ്പേരായിരുന്നു അതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. കോളർവാലി ജനിക്കുന്നതിന് മുമ്പ് പെഞ്ചിൽ കടുവയെ കാണുന്നത് അപൂർവമായിരുന്നു. എന്നാൽ താമസിയാതെ അവൾ ഇവിടെ ഏറ്റവും കൂടുതൽ തവണ കാണുന്ന കടുവയായി മാറി,” പ്രബീർ പാട്ടീൽ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനായ വിവേക് മേനോൻ അവളെ “പെഞ്ചിന്റെ മുഖം” എന്ന് വിളിക്കുന്നു. അനേകം സന്ദർശകരെയും ഫോട്ടോഗ്രാഫർമാരെയും അവളെയും അവളുടെ കുഞ്ഞുങ്ങളെയും ചിത്രീകരിക്കാൻ അനുവദിച്ച അവളുടെ സ്വഭാവം അസാധാരണമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
കോളർവാലി പെഞ്ച് സന്ദർശകരെ അപൂർവമായി മാത്രമേ നിരാശപ്പെടുത്തിയിട്ടുള്ളൂ. റിസർവിന്റെ വാതിൽപ്പടിയിൽ വളർന്ന പ്രകൃതിശാസ്ത്രജ്ഞനായ മുഹമ്മദ് റഫീക്ക് ഷെയ്ഖ് പറഞ്ഞു. ഒരു ഭയവുമില്ലാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് വളരെ അടുത്ത് വരുന്ന ഒരു സൗഹൃദ മൃഗമായിരുന്നു അവൾ. നൂറുകണക്കിന് വിനോദസഞ്ചാരികളെ വന്യജീവി സങ്കേതത്തിലൂടെ നയിച്ച ഷെയ്ഖ് പറഞ്ഞു.
ലോകത്തിലെ കടുവകളുടെ 70 ശതമാനത്തിലധികം ഇന്ത്യയിലാണ്.
ഇതിനിടെ കടുവകളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. എന്നാൽ ഇപ്പോൾ 2,976 ആയി ഉയർന്നു. ഏറ്റവും പുതിയ സർക്കാർ കണക്കനുസരിച്ച്. എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഇന്ത്യയിലുടനീളമുള്ള 51 കടുവാ സങ്കേതങ്ങളിലേക്ക് പ്രൗഢഗംഭീരമായ മൃഗത്തെ കാണാമെന്ന പ്രതീക്ഷയോടെ പോകുന്നു
കോളർവാലി പല കാര്യങ്ങളിലും പ്രത്യേകതയുള്ളവളായിരുന്നു. അവൾ വളരെ വലുതായിരുന്നു. മറ്റ് കടുവകൾ അവളുമായി യുദ്ധം ചെയ്യാൻ ഭയപ്പെട്ടു. ചിലപ്പോൾ പെഞ്ച് സന്ദർശിച്ച മറ്റ് കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ അവളുടെ വലിപ്പം കാരണം അവളെ ഒരു ആണായി തെറ്റിദ്ധരിക്കും – പാട്ടീൽ പറഞ്ഞു.
അവളുടെ 29 കുഞ്ഞുങ്ങളിൽ 25 എണ്ണം അതിജീവിച്ചു. ഇത് ഇന്ത്യയിലും ഒരുപക്ഷേ ലോകത്ത് തന്നെ ഒരു റെക്കോർഡ് ആണ്. പ്രകൃതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത് അപൂർവ നേട്ടമാണ്. അവളുടെ ആദ്യത്തെ മൂന്ന് കുഞ്ഞുങ്ങൾ 2008-ൽ ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. 2010 ലെ അഞ്ച് കുഞ്ഞുങ്ങളിൽ ഒന്നായ “ബമ്പർ” എന്ന കടുവ കുഞ്ഞും അസുഖം മൂലം മരിച്ചു.
“അവൾ ഒരു ശക്തയായ അമ്മയായിരുന്നു. തന്റെ കുഞ്ഞുങ്ങളെ അവർ നന്നായി തന്നെ നോക്കിയിരുന്നു. അതിന്റെ തെളിവാണ് 25 കുഞ്ഞുങ്ങൾ ശേഷിച്ചു എന്നത് – അവളുടെ ജീവിതകാലത്ത് കോളർവാലിയെ പലതവണ ചികിത്സിച്ച പാർക്ക് വെറ്ററിനറി ഡോക്ടർ അഖിലേഷ് മിശ്ര പറഞ്ഞു. കടുവയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച “ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ ആളുകളിൽ ഒരാൾ” എന്ന് അദ്ദേഹം സ്വയം വിളിക്കുന്നു.
തന്നെ പരിചരിക്കുന്ന മനുഷ്യരുടെ സഹായത്തിനായി കാത്തിരിക്കുന്നതുപോലെ, ബുദ്ധിമതിയായ കോളർവാലി പലപ്പോഴും അവൾക്ക് അസുഖമോ മുറിവോ ഉണ്ടാകുമ്പോൾ വെളിയിൽ കിടക്കുമായിരുന്നുവെന്ന് ഡോ. മിശ്ര പറയുന്നു. മരണത്തിന്റെ തലേദിവസവും അവൾ അത് ചെയ്തു. പക്ഷെ പ്രായത്തിന്റെ ക്ഷീണം അവളെ തളർത്തിയിരുന്നു.
ജീവനക്കാരും പ്രകൃതി പ്രവർത്തകരും നാട്ടുകാരും പൂക്കളും പ്രാർഥനകളും അർപ്പിച്ചശേഷം ഞായറാഴ്ച റിസർവിലെ തുറന്ന മൈതാനത്താണ് കോളർവാലിയെ സംസ്‌കരിച്ചത്. കോളർവാലീ, നീ പൂർണ്ണവും സന്തുഷ്ടവുമായ ജീവിതം നയിച്ചു, നിന്റെ മരണത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്, നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും. നിന്റെ മരണത്തിൽ വിലപിക്കുന്നതോടൊപ്പം, നീ ഇവിടെ ബാക്കി വെച്ച നിന്റെ പാരമ്പര്യം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.