സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് സിആര്‍പിഎഫ്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രതികരണം. എന്നാല്‍ മാര്‍ച്ചില്‍ പങ്കെടുത്ത പല വിദ്യാര്‍ഥികള്‍ക്കും പെല്ലറ്റ് തോക്കുകളില്‍ നിന്ന് പരുക്കേറ്റെന്നും സഫ്ദര്‍ജങ് ആശുപത്രി രേഖകള്‍ ഇത് തെളിയിക്കുന്നുണ്ടെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. ആശുപത്രി അധികൃതരാണ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ നിന്നും പെല്ലറ്റുകള്‍ നീക്കം ചെയ്തതെന്നുമാണ് സിജെപി പ്രതിനിധികള്‍ പറയുന്നത്.
പെല്ലറ്റ് തോക്കുകളില്‍ നിന്നും ആക്രമണമേറ്റ 19 വയസുള്ള വിദ്യാര്‍ഥിക്ക് കണ്ണില്‍ ഗുരുതരമായി പരുക്കേറ്റെന്നും കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദ്യാര്‍ഥികളെ ഉദ്ധരിച്ചുകൊണ്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന പെല്ലറ്റ് തോക്കുകള്‍ ഇവിടെയും പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ ആരോപണം പൂര്‍ണമായി തള്ളുകയാണ് ഡല്‍ഹി പൊലീസ്.
മാധ്യമപ്രവര്‍ത്തര്‍ക്കും പെല്ലെറ്റ് തോക്ക് ആക്രമണത്തില്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തെത്തിയിട്ടുമുണ്ട്. ഇതിലാണ് ഇപ്പോള്‍ സിആര്‍പിഎഫ് വിശദമായ അന്വേഷണം നടത്താനിരിക്കുന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിആര്‍പിഎഫിന്റെ അന്വേഷണം.
Story Highlights : cjp alleges Pellet guns used against protesters in Delhi
















