വടക്കഞ്ചേരി: മഞ്ഞ് കുറഞ്ഞു തുടങ്ങിയതോടെ റബ്ബറിന് സ്വാഭാവിക ഇല പൊഴിച്ചിൽ ആരംഭിച്ചു. ഇല പഴുത്ത് പൊഴിഞ്ഞു തുടങ്ങിയതോടെ ടാപ്പ് ചെയ്യുന്ന തോട്ടങ്ങളിൽ റബ്ബർ പാൽ കുറഞ്ഞു തുടങ്ങിയതായി കർഷകർ പറഞ്ഞു. രണ്ടാഴ്ച മുമ്പുവരെ നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ റബ്ബർ ഉല്പാദനം ഏറ്റവും ഉയർന്ന തോതിലായിരുന്നു. ഉല്പാദനം കൂടിയതോടെ റബ്ബർ വിലയും ഇടിഞ്ഞിരുന്നു. ഇല കൊഴിഞ്ഞതിനെ തുടർന്ന് വെട്ടുപട്ടകൾ വെയിൽ തട്ടി ഉണക്കിൽ നിന്ന് സംരക്ഷിക്കുന്നതിനായി സസ്യസംരക്ഷണ പ്രവർത്തനങ്ങളും ആരംഭിച്ചു.
വേനൽ കടുത്തതോടെ കൊഴിഞ്ഞു വീഴുന്ന ഇലകൾ തീപിടുത്ത ഭീഷണിയും ഉയർത്തുന്നുണ്ട്. അതേസമയം കൊഴിഞ്ഞുവീഴുന്ന ഇലകൾ തോട്ടത്തിലെ ജലാംശം സംരക്ഷിക്കുന്നതിനും ചൂടേൽക്കാതെ തോട്ടങ്ങളിലെ മണ്ണിനെ സംരക്ഷിക്കുകയും ചെയ്യും.