പിലിക്കോട് : മഹാവ്യക്തികളുടെ ജീവചരിത്രവും സമൂഹത്തിൽ പാലിക്കേണ്ട അച്ചടക്കവും മര്യാദകളും ചെറിയ ക്ലാസുകളിൽ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പാഠ്യപദ്ധതികൾക്ക് ഊന്നൽനൽകണമെന്ന് കെ.പി.ടി.എ. ജില്ലാ സമ്മേളനം ആവശ്യപ്പെടുകയും ചെയ്തു.
വീട്ടിലും റോഡിലും പാലിക്കേണ്ട മര്യാദകൾ, മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണം നടത്തണം. മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കെ.പി.ടി.എ. മുൻ സംസ്ഥാന പ്രസിഡന്റ് ടി.വി. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ശ്രീദേവി അധ്യക്ഷയായി. സമാഗമം ചിത്ര-സാഹിത്യ പുരസ്കാരം നേടിയ ദിനേശൻ പൂച്ചക്കാടിനെ കോൺഗ്രസ് (എസ്) ജില്ലാ വൈസ് പ്രസിഡന്റ് പി.വി. ഗോവിന്ദൻ ആദരിച്ചു.