പനാജി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഐഎസ്എലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഹൈദരാബാദ്-ജംഷേദ്പുര്‍ മത്സരം നീട്ടിവെച്ചു. ഇരുടീമുകളിലെയും താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം നീട്ടിയത്.
നേരത്തെ, കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ എഫ്.സി മത്സരവും മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്.സി മത്സരവും മോഹന്‍ ബഗാന്‍-ഒഡിഷ എഫ്.സി മത്സരവും കോവിഡ് മൂലം നീട്ടിവെച്ചിരുന്നു. ലീഗില്‍ കളിക്കുന്ന താരങ്ങളുടേയും പരിശീലകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി.
ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്. എഫ്.സി ഗോവയില്‍ ഒമ്പത് കേസുകളുണ്ടെന്ന് നായകന്‍ എഡു ബേഡിയതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒഡീഷ എഫ്.സി, ചെന്നൈയിന്‍, എ.ടി.കെ. മുംബൈ സിറ്റി, ടീമുകളിലെല്ലാം കോവിഡ് കേസുകളുണ്ട്. ഒരു മാച്ച് കമ്മിഷണറും പോസിറ്റീവായിട്ടുണ്ട്.