മഡ്ഗാവ്: ഐഎസ്എലില്‍ ഇന്ന് നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഗ്രൗണ്ടിലിറക്കാന്‍ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ടീമുമായി ചര്‍ച്ചനടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ലീഗില്‍ കളിക്കുന്ന താരങ്ങളുടേയും പരിശീലകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച്ച നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്‍-ബെംഗളുരു എഫ്‌സി മത്സരവും മാറ്റിവെച്ചിരുന്നു.