കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പൊലീസ് രണ്ടിടങ്ങളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നും എയർപിസ്റ്റളുമായി നാലുപേരെ പോലീസ് പിടികൂടി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട. ആറങ്ങാടിയിലെ എൻ.എ. ഷാഫിയുടെ (35) വീട്ടിൽ നിന്നും മയക്കുമരുന്ന് വിപണനം നടത്തുമ്പോഴാണ് ഷാഫിയും സംഘവും ആണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും 22.48 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും എയർപിസ്റ്റളും 45000 രൂപയും മയക്കുമരുന്ന് അളക്കാനുള്ള മെഷീനും പിടിച്ചെടുത്തു. ഷാഫിക്ക് പുറമെ വീട്ടിൽ ഉണ്ടായിരുന്ന കൂട്ടുകച്ചവടക്കാരായ മീനാപ്പീസിലെ മുഹമ്മദ് ആദിൽ(26), വടകരമുക്കിലെ അർഫാന ക്വാർട്ടേഴ്സിൽ കെ.ആഷിക്ക്(28) എന്നിവരെയും പൊലീസ് ഇൻസ്‌പെക്ടർ കെ.പി. ഷൈനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരുസംഭവത്തിൽ ആവിക്കരയിലെ കെ.എം.കെ. ക്വാർട്ടേഴ്സിലെ കെ.ആഷിഖ് മുഹമ്മദിനെ (24) 1.450 ഗ്രാം എം.ഡി.എം.എയുമായി എസ്.ഐ കെ.ശ്രീജേഷും സംഘവും അറസ്റ്റുചെയ്തു. ഇയാൾ ക്വാർട്ടേഴ്സിൽ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായി മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് കനത്ത നിരീക്ഷണത്തിലായിരുന്നു.ജില്ലയിലെ മയക്കുമരുന്ന് വിപണനസംഘത്തിലെ പ്രധാനികളാണ് എൻ.എ.ഷാഫിയും കൂട്ടാളികളുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.