നെന്മാറ: സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം ഏഴു ജില്ലകളിൽ പ്രഖ്യാപിച്ചെങ്കിലും പാലക്കാട് ജില്ല പുറത്ത്. ഏഴു ജില്ലകൾക്കായി അഞ്ച് സംഭരണ കേന്ദ്രങ്ങൾ മാത്രമായി ചുരുക്കിയത് ഗുണം ചെയ്യുന്നില്ലെന്നാണ് കേരകർഷകർ വ്യക്തമാക്കുന്നു. നേരത്തെ കേരഫെഡ് തെങ്ങുകൃഷി കൂടുതലുള്ള കൃഷിഭവനുകൾ കേന്ദ്രീകരിച്ച് തെങ്ങുകളുടെ എണ്ണത്തിന് അനുസരിച്ചും കർഷകരിൽ നിന്ന് സംഭരിച്ച് താങ്ങുവില നൽകിയിരുന്നു. ഈ സംവിധാനം ഉപേക്ഷിച്ചാണ് തേങ്ങ വില കുറഞ്ഞതിനാൽ പുതുതായി സർക്കാർ പച്ചത്തേങ്ങ സംഭരണത്തിന് തുടക്കമിട്ടത്.
പക്ഷെ എല്ലാ ജില്ലകളിലും സംഭരണകേന്ദ്രം ആരംഭിക്കാത്തതും ഒരു ജില്ലയിൽ ഒരു കേന്ദ്രത്തിൽ മാത്രം നാമമാത്രമായി സംഭരിക്കാൻ തീരുമാനിച്ചത് കർഷകർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ദൂര പ്രദേശങ്ങളിൽ നിന്ന് സ്വന്തം ചെലവിൽ ചകിരി വേർപ്പെടുത്തിയ തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കേണ്ട ഭാരിച്ച ചെലവും കൂടി കണക്കിലെടുത്താൽ വിപണിയിൽ കിട്ടുന്നതിനേക്കാൾ കുറവായി സംഭരണവില മാറുമോയെന്നാണ് കേരകർഷകരുടെ ആശങ്കയിൽ ആയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ പച്ചത്തേങ്ങ സംഭരണത്തിന് സംവിധാനം ഏർപ്പെടുത്താത്തത് തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വ്യാപാരികളെ സംരക്ഷിക്കാനാണെന്നും ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികളാണ് ജില്ലയിൽ തേങ്ങ വില നിയന്ത്രിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി.