തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ മതപരമായ ചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആർ 20നു മുകളിലുള്ള സ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കു മാത്രമാക്കി അനുമതി.
നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ 50 പേരായി പരിമിതപ്പെടുത്തിയിരുന്നു.
സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്താനും നിശ്ചയിച്ചിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.
കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായായിരിക്കും പ്രവർത്തിക്കുക. കോടതിമുറിയിൽ പരിഗണിക്കേണ്ട പ്രത്യേക കേസുകൾ ജഡ്ജിമാർ തീരുമാനിക്കും. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതി സർക്കുലർ പുറത്തിറക്കി. നേരിട്ട് വാദംകേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ചുപേരിൽ അധികം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. നിയന്ത്രണങ്ങൾ 11ന് പുനഃപരിശോധിക്കും.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 50ലേറെ പേര്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.