ഹൊബാര്‍ട്ട്: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇടയില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അലോസരപ്പെടുത്തി സ്‌പൈഡര്‍ ക്യാമറ. കളിയുടെ രണ്ടാം ദിവസം സ്‌പൈഡര്‍ ക്യാമറ അലോസരപ്പെടുത്തിയതോടെ ബ്രോഡ് റണ്‍അപ്പ് പാതി വഴിയില്‍ നിര്‍ത്തിവെച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 303 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിങ്ങില്‍ ആഷസ് പരമ്പരയില്‍ ഉടനീളം നേരിട്ട തകര്‍ച്ച ഹൊബാര്‍ട്ടിലും ഇംഗ്ലണ്ടിനെ പിടിമുറുക്കുന്നു. 78 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് സ്‌ട്രൈക്ക് ചെയ്തിരുന്നത്. ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറിനും ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. ഈ സമയം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് റോബോട്ട് കാമറ ചലിപ്പിക്കുന്നത് നിര്‍ത്തൂ എന്ന് ബ്രോഡ് ആവശ്യപ്പെട്ടു .
സ്‌പൈഡര്‍ കാമറയില്‍ ബ്രോഡ് അസ്വസ്ഥപ്പെടുന്നത് കണ്ട് കമന്ററി ബോക്‌സിലും ചിരി ഉയര്‍ന്നു. ബ്രോഡിന് അവിടെ അലോസരം നേരിട്ടെങ്കിലും ഇംഗ്ലണ്ടിന് ആഷസിലെ രണ്ടാം ദിനത്തില്‍ നല്ല തുടക്കം ലഭിച്ചു.