ഇടുക്കി: മൂവാറ്റുപുഴയിൽ ഉണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിജസ്ഥിതി വെളിപ്പെടുത്തി എം.എല്‍.എ മാത്യു കുഴല്‍നാടന്‍. കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം വളരെ സമാധാനപരമായി കടന്നുപോയി പകുതി പിന്നിട്ടപ്പോൾ സിപിഎം ഓഫീസിന് മുന്നിൽ തമ്പടിച്ചു നിന്നിരുന്ന പ്രവർത്തകർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയും അക്രമം ഉണ്ടാക്കുകയുമാണ് ചെയ്തതെന്ന് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.
സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ പ്രതിരോധം തീർക്കുക്കയും പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷം ഉണ്ടാവകയും ചെയ്തു. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. പ്രവർത്തകർ പിന്നീട് ഞങ്ങൾ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎമ്മിന്റെ ചില കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു എന്നത് ശരിയാണ്. അതിനുപിന്നാലെ അക്രമാസക്തമായ പ്രകടനം നടത്തി എംഎൽഎ ഓഫീസ് ആക്രമിക്കുകയാണ് സിപിഎം പ്രവർത്തകർ ചെയ്തതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
മാത്യു കുഴല്‍നാടന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
മൂവാറ്റുപുഴയിൽ സംഭവിച്ചതെന്ത്?
കലാപ കലുഷിതമായ അന്തരീക്ഷം കൂടുതൽ വഷളാക്കാൻ എന്റെ കുറിപ്പ് ഇടവരരുത് എന്നതുകൊണ്ടാണ് ഇതെഴുതാൻ ഒരുദിവസം വൈകിയത്. എന്നാൽ ഈ നാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ ഉണ്ടായത് എന്താണ് എന്ന് ജനങ്ങളോട് സത്യസന്ധമായി ബോധ്യപ്പെടുത്തേണ്ട ബാധ്യതയും എനിക്കുണ്ട്.
പൊതുവേ ശാന്തമായും സമാധാനമായും രാഷ്ട്രീയപ്രവർത്തനം മുന്നോട്ടുപോകുന്ന ഒരു പ്രദേശമാണ് മൂവാറ്റുപുഴ. ഇടുക്കിയിലെ നിർഭാഗ്യകരമായ സംഭവത്തിനു പിന്നാലെ സിപിഎം സംസ്ഥാനമെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മുവാറ്റുപുഴയിലും ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ഏതാനും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരം തകർക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. ചെറുക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു. രാത്രി വൈകി ഞാൻ അടക്കമുള്ള നേതാക്കന്മാർ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തുകയും കൊടിമരം പുനഃസ്ഥാപിക്കുകയുമുണ്ടായി.. ഈ സംഭവത്തിൽ പിറ്റേന്ന് പ്രതിഷേധ പ്രകടനം നടത്തണമെന്ന് പാർട്ടിയിൽ പൊതുവേ അഭിപ്രായമുയർന്നു. അപ്പോഴാണ് പിറ്റേന്ന് ധീരജിന്റെ വിലാപയാത്ര മൂവാറ്റുപുഴ വഴി വരുന്നുവെന്നറിഞ്ഞത്.
ഒരു രാഷ്ട്രീയ മര്യാദ എന്നതുകൊണ്ട് പിറ്റേന്ന് നടത്താനിരുന്ന പ്രതിഷേധപ്രകടനം ഒരുദിവസം മാറ്റിവയ്ക്കാൻ, പ്രവർത്തകരുടെ എതിർപ്പ് വകവയ്ക്കാതെ, ഞങ്ങൾ തീരുമാനമെടുത്തു. അങ്ങനെയാണ് ഇന്നലെ പ്രതിഷേധപ്രകടനം തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടു കൂടി ഒരു ഡിവൈഎഫ്ഐ നേതാവിന്റെ വളരെ നിരുത്തരവാദപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് – കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസ് അക്രമിക്കാൻ തയ്യാറെടുക്കുന്നുവെന്നും നമ്മൾ സംരക്ഷണം തീർക്കണമെന്ന നിലയ്ക്കും ആഹ്വാനം നടത്തിക്കൊണ്ട് വന്നു.
കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം വളരെ സമാധാനപരമായി കടന്നുപോയി പകുതി പിന്നിട്ടപ്പോൾ സിപിഎം ഓഫീസിന് മുന്നിൽ തമ്പടിച്ചു നിന്നിരുന്ന പ്രവർത്തകർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയും അക്രമം ഉണ്ടാക്കുകയുമാണ് ചെയ്തത്. സ്വാഭാവികമായിട്ടും തിരിഞ്ഞുനിന്നു കോൺഗ്രസ് പ്രവർത്തകരും പ്രതിരോധം തീർത്തു. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. പ്രവർത്തകർ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷം ഉണ്ടായി. പിന്നീട് ഞങ്ങൾ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎമ്മിന്റെ ചില കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു എന്നത് ശരിയാണ്. അതിനുപിന്നാലെ അക്രമാസക്തമായ പ്രകടനം നടത്തി എംഎൽഎ ഓഫീസ് ആക്രമിക്കുകയാണ് സിപിഎം പ്രവർത്തകർ ചെയ്തത്.
പ്രതിഷേധ പ്രകടനത്തിന് ശേഷം പാർട്ടി ഓഫീസിൽ മടങ്ങിവന്ന കോൺഗ്രസ് പ്രവർത്തകരെ മടക്കി അയച്ച ശേഷം മനോരമ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഞാൻ മൂവാറ്റുപുഴ ടിബി യിൽ ഉണ്ടായിരുന്നു. അപ്പോഴാണ് വീണ്ടും ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ടിബി വളഞ്ഞ് ആക്രോശം നടത്തിയത്. കുറച്ചുകഴിഞ്ഞ് അവർ പിരിഞ്ഞു പോയി.
രാത്രി വൈകി ആർഡിഒ വിളിച്ച സമാധാന ചർച്ചയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പറ്റുന്ന നേതാക്കന്മാരുമായി ആലോചിച്ചശേഷം സമാധാന ചർച്ചയിൽ പങ്കെടുക്കാനും എംഎൽഎ എന്ന നിലയിൽ അതിന് മുൻകൈ എടുക്കാനും തീരുമാനിച്ചു. അപ്രകാരം വൈകിട്ട് ചർച്ച നടക്കുകയും, സിപിഎം ഏരിയ സെക്രട്ടറിയും അവരുടെ പ്രധാനപ്പെട്ട രണ്ട് നേതാക്കന്മാരും, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും യുഡിഎഫ് ചെയർമാനും മറ്റൊരു നേതാവും ആർഡിഒയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സമാധാനം പുന:സ്ഥാപിക്കാൻ തീരുമാനിച്ചു. പരസ്പരം ഇനി ഈ വിഷയത്തെ പ്രതി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും പ്രതിഷേധപ്രകടനം പോലും നടത്തില്ലെന്നും തീരുമാനിച്ചു പിരിഞ്ഞു.
സമാധാന ചർച്ചയുടെ സ്പിരിറ്റ് ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോടും വിശേഷിച്ച് യൂത്ത് കോൺഗ്രസുകാരോടും പാർട്ടി ആവശ്യപ്പെട്ടു. രാത്രിയിൽ പോലീസ് നമ്മുടെ രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അവരെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും അവരെ ജാമ്യത്തിൽ പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് ജാമ്യത്തിൽ പുറത്തിറങ്ങിയ നമ്മുടെ ഒരു പ്രവർത്തകൻ മുൻസിപ്പൽ കൗൺസിലർ കൂടിയായ അമൽ ബാബുവിനെ ഇരുട്ടിന്റെ മറവിൽ 8 ഡിവൈഎഫ്ഐ പ്രവർത്തകർ വന്ന് മർദ്ദിച്ചത്.
ഇതാണ് സിപിഎം എന്ന പാർട്ടിയുടെ രാഷ്ട്രീയ മര്യാദ. ഏരിയ സെക്രട്ടറി അടക്കമുള്ള ഉന്നത നേതാക്കൾ പറഞ്ഞ വാക്കിന് എന്തു വില? സിപിഎം നേതാക്കളുടെ വാക്കിന് ഡിവൈഎഫ്ഐ പ്രസ്ഥാനം എത്രമാത്രം വില നൽകുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്.
എന്നിട്ട്, കോൺഗ്രസ് അക്രമം നടത്തുന്നു എന്നാണ് പ്രചരണം.. ഞങ്ങളിതിനെ രാഷ്ട്രീയപരമായും നിയമപരമായും ജനാധിപത്യത്തിന്റെ മാർഗത്തിൽ നേരിടും.. കോൺഗ്രസിനെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്നത് നിങ്ങളുടെ വ്യാമോഹമാണ്.