തൊടുപുഴ: എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടുപ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചപ്പോള്‍ നിഖില്‍ പൈലിക്കൊപ്പം ഇവരും സംഭവസ്ഥലത്തുണ്ടായിരുന്നു.
കേസിൽ ആറ് പ്രതികളാണുള്ളത്. ധീരജ് വധക്കേസില്‍ ഇതുവരെ രണ്ടുപ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ നിഖില്‍ പൈലി, ജെറിന് ജോജോ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേരെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
അറസ്റ്റിലായ രണ്ട് പ്രതികളെയും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
തിങ്കളാഴ്ച ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിലാണ് വിദ്യാർഥിയായ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ചത്. വിദ്യാർഥികളായ തൃശൂർ സ്വദേശി അഭിജിത്ത് ടി. സുനിൽ, കൊല്ലം സ്വദേശി എ.എസ്. അമൽ എന്നിവർക്ക് പരിക്കേറ്റിരുന്നു.
തന്നെ ടോണി കുത്തിയെന്നാണ് പരിക്കേറ്റ അഭിജിത്തിന്റെ മൊഴി. കുളമാവ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. കേസിൽ ഒന്നാം പ്രതി യൂത്ത്കോണ്‍ഗ്രസ് വാഴത്തോപ്പു മണ്ഡലം പ്രസിഡന്റ് മണിയാറൻകുടി പീടികത്തറയിൽ നിഖിൽ പൈലി, രണ്ടാം പ്രതി വാഴത്തോപ്പ് ഇടയാൽ ജെറിൻ ജോജോ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.