കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയുന്ന ചിത്രം ‘അറിയിപ്പി’ൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മലയാളികളുടെ ഇഷ്ട്ട താരമായ കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ നോയിഡയിൽ നിന്നുള്ള താരത്തിൻ്റെ പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഓട്ടോ ഓടിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയിൽ കാണുന്നത്.
‘നോയിഡയില്‍ നിന്ന് വൈറ്റില’യിലേക്ക് എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്. ‘വൈറ്റില വൈറ്റില’ എന്ന് വിളിച്ചു പറയുന്നതും കുഞ്ചാക്കോ ബോബൻ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിൻ്റെ വീഡിയോയില്‍ കേള്‍ക്കാം. നോയിഡയിലാണ് അറിയിപ്പ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നിരുന്നത്. എന്തായാലും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.
ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണിത്. ഷെബിൻ ബെക്കറാണ് ചിത്രം നിർമിക്കുന്നത്. സംവിധാനത്തിനൊപ്പം അറിയിപ്പിൻ്റെ എഡിറ്റിങ്ങും മഹേഷ് നിർവഹിക്കുന്നുണ്ട്. കൂടാതെ തിരക്കഥയിലും അദ്ദേഹം പങ്കാളിയാവുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ ‘മാലിക്’ ആണ് മഹേഷ് നാരായണൻ്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഭീമൻ്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.