ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി. എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജശേഖരനെ താനാണ് കുത്തിയതെന്ന് നിഖിൽ പോലീസിന് മൊഴി നൽകി.
കേസിൽ നിഖിൽ അടക്കം ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എല്ലാവരും കെഎസ് യു പ്രവർത്തകരാണ്. അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കൊലപാതകത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്നാണ് നിഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ. നിഖിലിന് പുറമേ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇടുക്കി ഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയാണ് ധീരജ് രാജശേഖരൻ. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ധീരജിനും മറ്റ് രണ്ടു വിദ്യാർഥികൾക്കും കുത്തേറ്റത്.
പരിക്കേറ്റ വിദ്യാർഥികളായ അഭിജിത്ത്, അമൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.