കണ്ണൂര്‍: കണ്ണൂർ മാടായിപ്പാറയിൽ പിഴുതുമാറ്റിയ സിൽവർ ലൈൻ സർവേകല്ലിൻ്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചയാൾക്കെതിരെ പോലീസ് കേസ് എടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ പുത്തൻപുരയിൽ രാഹുലാണ് പണിതുടങ്ങിയെന്ന മുന്നറിയിപ്പോടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. കലാപത്തിന് ആഹ്വാനം നടത്തിയെന്ന സിപിഎം നേതാവിൻ്റെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസ് എടുത്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. എത്ര കേസെടുത്താലും പോസ്റ്റ് പിൻവലിക്കില്ലെന്നും ഇതിന് പിന്നിൽ സിപിഎം നേതൃത്വം ആണെന്നും രാഹുൽ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കല്ല് പിഴുതെറിഞ്ഞ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെ റെയിൽ അതിരടയാളക്കല്ല് പറിക്കാൻ വരുന്നവർ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്നലെ പറഞ്ഞത്.
സർവ്വേ കല്ല് പറിച്ചെറിയാൻ ആഹ്വാനം ചെയ്ത നേതാവിൻ്റെ അനുയായികളോട് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തൂയെന്ന് മാത്രമേ പറയാനുള്ളു എന്നായിരുന്നു ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്. യുഡിഎഫ് ഭരണകാലത്ത് അവരുടെ മാനിഫെസ്റ്റോയിൽ ഈ പദ്ധതി ഉണ്ടായിരുന്നു. അതിനാലാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോൾ മൗനം പാലിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.