സിഡ്നി: ലോക ഒന്നാംനമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്ലാതെ ഓസ്ട്രേലിയയിലെത്തിയതോടെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുകയാണ്. കടുപ്പമേറിയ സമയത്തിലൂടെ കടന്നുപോകവെ പിന്തുണയുമായെത്തിയ ആരാധകര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ താരം നന്ദി പറഞ്ഞു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ എത്തിയ നൊവാക് ജോക്കോവിച്ച് കഴിയുന്നത് കോവിഡ് നിബന്ധനകള്‍ തെറ്റിച്ചത്തുവരെ തടവിൽ പാര്‍പ്പിക്കുന്ന ഹോട്ടലില്‍. ടെന്നിസ് ആസ്ട്രേലിയ നൽകിയ ഉറപ്പിന്മേൽ എത്തിയിട്ടും കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന് മെഡിക്കൽ രേഖകളില്ലെന്ന കാരണം നിരത്തിയാണ് നാടുകടത്താനുള്ളവർക്കായുള്ള കേന്ദ്രത്തിലേക്കു മാറ്റിയത്.
ആസ്ട്രേലിയൻ അതിർത്തിസേനയാണ് വിസ റദ്ദാക്കി നാടുകടത്താൻ തീരുമാനമെടുത്തത്. ഇതിനെതിരെ നൽകിയ അപ്പീൽ അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. അതുവരെയും തടവിൽ തുടരണം. സെർബിയയും ആസ്ട്രേലിയയും തമ്മിൽ നയതന്ത്രയുദ്ധത്തിലേക്ക് വിഷയം മാറിയത് പുതിയ പ്രതിസന്ധി സൃഷ്ടിക്കും.
നിലവിൽ പരിശീലനം മുടങ്ങി ഒറ്റപ്പെട്ട മുറിയിൽ കഴിയുന്നത് ആസ്ട്രേലിയൻ ഓപൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരത്തിന്റെ പ്രകടനമികവിനെയും ബാധിക്കും. ദ്യോകോയുടെ മതപരമായ ആഘോഷദിനവും ഇതിനിടെ ഒറ്റക്ക് ഹോട്ടൽമുറിയിൽ കഴിച്ചുകൂട്ടേണ്ടിവന്നു. ജോക്കോ ഒമ്പതു തവണ മുമ്പ് മാറോടുചേർത്തതാണ് ആസ്ട്രേലിയൻ ഓപൺ. കാത്തിരിക്കുന്നത് 10ാം കിരീടം.
ഇതുവഴി ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരെ കടന്ന് 21ാം ഗ്രാന്റ്സ്ലാം കിരീടവും പുതുചരിത്രത്തിന്റെ പിറവിയും. ആസ്ട്രേലിയൻ ഓപണിലെ താരസാന്നിധ്യമായതിനാൽ ജോക്കോക്ക് എങ്ങനെയും പ്രവേശനം ഉറപ്പാക്കലായിരുന്നു ടെന്നിസ് ആസ്ട്രേലിയയുടെ പരിഗണന. വാക്സിൻ വിരുദ്ധനായ താരം ഒരു തവണപോലും എടുത്തില്ലെന്നതിനാൽ താൽക്കാലിക ഇളവ് സംഘാടകർ തരപ്പെടുത്തി.
സംഘാടകർ വെച്ച രണ്ടു സ്വതന്ത്ര മെഡിക്കൽ പാനലുകളാണ് ഇളവ് അനുവദിച്ചത്. അതേസമയം, ജോക്കോയെ തടഞ്ഞുവച്ചിട്ടില്ലെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സഹായം ലഭിക്കുമെന്നും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി കാരന് ആന്‍ഡ്രൂസ് പറഞ്ഞു. ജോക്കോവിച്ചിനെ പിന്തുണച്ചും എതിര്‍ത്തും ടെന്നിസ് ആരാധകര്‍ രംഗത്തെത്തി.
മെച്ചപ്പെട്ട ഹോട്ടലിലേക്ക് ജോക്കോയെ മാറ്റണണെന്ന് ആവശ്യം ഉയരുമ്പോഴും നിയമം എല്ലാവര്ക്കും ഒരുപോലെന്ന് മറ്റൊരുവിഭാഗം വാദിക്കുന്നു. നൊവാക്സ് ബോര്‍ഡുകളുമായി ജോക്കോയുടെ വരവിന് ഹോട്ടലിന് പുറത്ത് കാത്തിരിക്കുന്നവരുമുണ്ട്. ജോക്കോവിച്ചിനോട് രാജ്യം നല്ല രീതിയില്‍ പെരുമാറണമെന്ന് ഓസീസ് താരം നിക് കിര്‍ഗിയോസ് പറഞ്ഞു. ഇത്തരമൊരു സാഹചര്യം സംജാതമായത് ഒട്ടും ശരിയായില്ലെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ക്രൊയേഷ്യന്‍ താരം മാരിന് സിലിച്ച്.
മഹാമാരിയുടെ തുടക്കം മുതല്‍ വിവാദങ്ങളുടെ നിഴലിലാണ് ജോക്കോവിച്ച്. കോവിഡിനിടെ ടൂര്‍ണമെന്റ് നടത്തി ജോക്കോയുള്പ്പടെ പോസിറ്റീവായത് വലിയ കോലാഹലമുണ്ടാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡയറക്ടറോട് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടതും കോവിഡ് വാക്സിനേഷന് സ്റ്റാറ്റസ് പുറത്ത് വിടില്ലെന്ന് നിലപാടെടുത്തതും നിശിതമായി വിമര്‍ശിക്കപ്പെട്ടു. പ്രതിസന്ധികളെല്ലാം മറികടന്ന് ജോക്കോവിച്ച് കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.