കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി വിഷ്ണു അരവിന്ദ്. പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. കാക്കനാട്ടെ ജയിലിൽ വെച്ച് രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിൻ്റെ മാനേജർക്ക് സുനി എഴുതിയ കത്ത് മാനേജർക്ക് നേരിട്ട് നൽകിയത് വിഷ്ണുവാണ്. നടിയെ അക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് ഈ കത്തിൽ നിന്നാണ്. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ബൈക്ക് മോഷണക്കേസിൽ പിടികൂടുമ്പോഴാണ് വിഷ്ണു എഎസ്ഐയെ കുത്തിയത്.
ലുലു മാളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പോലീസ് തടഞ്ഞുനിർത്തിയപ്പോഴാണ് വിഷ്ണു എഎസ്ഐ ഗിരീഷ് കുമാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമാണ് വിഷ്ണു എഎസ്ഐയുടെ കയ്യിൽ കുത്തിയത്. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. കാക്കനാട് ജയിലിൽ റിമാൻഡിലാണ് വിഷ്ണു ഇപ്പോൾ. പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. എച്ച്എംടി കോളനി സ്വദേശിയാണ് വിഷ്ണു എന്ന ബിച്ചു.
ദിലീപ് ആവശ്യപ്പെട്ട പ്രകാരമാണ് താൻ നടിയെ ആക്രമിച്ചതെന്ന് പൾസർ സുനി വിഷ്ണുവിനോട് കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും വാഗ്ദാനം ചെയ്ത പണം കൈമാറാൻ ദിലീപ് തയാറായില്ല. തുടർന്ന് തടവുകാർ ആവശ്യപ്പെട്ട പ്രകാരമാണ് രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിന് കത്തെഴുതിയത്. ജാമ്യത്തിലിറങ്ങിയ വിഷ്ണുവാണ് പൾസർ സുനിക്ക് വേണ്ടി കത്ത് ദിലീപിന്‍റെ മാനേജറായ അപ്പുണ്ണിക്ക് കളമശേരിയിൽവെച്ച് കൈമാറുന്നത്.
ഈ കത്താണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്ന പ്രാഥമിക സൂചനക്ക് പിന്നീട് വഴിവെച്ചത്. കൂടാതെ, പൾസർ സുനിക്ക് മൊബൈൽ ഫോണും സിമ്മും എത്തിച്ചു നൽകിയതും വിഷ്ണുവാണ്. മറൈൻഡ്രൈവിൽ നിന്നും വാങ്ങിയ സ്പോർട്സ് ഷൂസിന്‍റെ ഉള്ളിൽ ഒളിപ്പിച്ചാണ് ഇവ ജയിലിനുള്ളിൽ എത്തിച്ചത്. ഈ ഫോൺ ഉപയോഗിച്ചാണ് സംവിധായകൻ നാദിർഷ അടക്കമുള്ളവരെ വിളിച്ച് പൾസർ സുനി പണം ആവശ്യപ്പെട്ടത്.