കണ്ണൂർ: കണ്ണൂർ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാവിലെ പത്തുമണിയോടെയാണ് സംഭവം. ദേശീയ പാതയിൽ കണ്ണൂർ സെൻട്രൽ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.
പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ ഇറക്കിവിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. 50ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. ബസ് പൂർണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാൻ ജീവനക്കാർക്ക് സാധിച്ചു.
ഡ്രൈവറുടെ സീറ്റിന്‍റെ സൈഡില്‍ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പുക ഉയരാന്‍ തുടങ്ങി. ഡ്രൈവർ ബസ് സൈഡിലേക്ക് ഒതുക്കി, യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും ആളിക്കത്തി തീ പിടിക്കുകയായിരുന്നു.

















