ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേർത്തല സ്വദേശിയായ ആർഎസ്എസ് പ്രവർത്തകന്‍ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കന്മാർക്ക് രക്ഷപ്പെടാൻ സഹായം ചെയ്തത് സുരേഷ് ബാബുവാണ്.
എസ്‍ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നേരത്തെ അറസ്റ്റിലായ പ്രതികളെ നാല് ദിവസം മുമ്പ് തൃശൂർ കള്ളായിയിലെത്തിച്ച് തെളിവെടുത്തിരുന്നു. ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ കെ.വി.വിഷ്ണു, കെ.യു. അഭിമന്യു, കെ.യു.സനന്ദ്, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
അതേസമയം രൺജിത് വധക്കേസിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു കേസുകളുമായി ബന്ധപ്പെട്ട് അന്വോഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിൽ ഉൾപ്പെട്ട ആളുകളെ ഉടൻ പിടി കൂടുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

















