കോഴിക്കോട്: തകരാറില്ലാത്ത റോഡ് അറ്റകുറ്റപ്പണി നടത്തിയതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ. കോഴിക്കോട് കുന്ദമംഗലം അസി. എന്‍ജിനീയര്‍ സി. ബിജു, ഓവര്‍സീയര്‍ പി.കെ. ധന്യ എന്നിവർക്കെതിരേയാണ് നടപടിയെടുത്തത്. എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട് മായനാട് ഒഴുക്കരയിലെ തകരാറില്ലാത്ത റോഡിലാണ് അറ്റകുറ്റപ്പണി നടത്തിയത്. 17 മീറ്റര്‍ ദൂരത്തിലാണ് ടാര്‍ ചെയ്തത്. നാട്ടുകാർ മന്ത്രിക്ക് നൽകിയ പരാതി പ്രകാരമാണ് നടപടിയെടുത്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കുന്ദമംഗലത്തേക്കുള്ള റോഡിൽ ഒഴുക്കരയിലാണ് സംഭവം നടന്നത്. ഒരു കേടുപാടുമില്ലാത്ത റോഡിൽ റീടാർ ചെയ്ത് കരാറുകാരന് ഫണ്ട് തട്ടാൻ അവസരം നൽകി എന്നതാണ് ഇവർക്കെതിരായ ആരോപണം. നാട്ടുകാർ റീടാറിംഗ് തടയുകയും മന്ത്രി സ്ഥലത്തെത്തുകയുമായിരുന്നു. മന്ത്രി എത്തുന്നതിനു മുൻപ് തന്നെ കരാറുകാരൻ അവിടെയുണ്ടായിരുന്ന മെറ്റലും മറ്റും നീക്കിയിരുന്നു. റോഡിൽ വിള്ളലുണ്ടായിരുന്നതുകൊണ്ടാണ് റീടാറിംഗ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞു. തുടർന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയറോട് വിശദമായ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

















