കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ സംവിധായകന്‍റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി.
ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും അതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ആയതിനാൽ കേസിൽ സംവിധായകൻ ബാലചന്ദ്രനെ സാക്ഷിയാക്കിയുള്ള കൃത്യമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായതിനാൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിചാരണക്കോടതി മറുപടി പറഞ്ഞിട്ടില്ല.
അതേസമയം, കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് നടി കത്തയച്ചത്. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതില്‍ നേരത്തെ ക്രിമിനല്‍ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നു.
എന്നാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പോലീസിന്റെ ആവശ്യത്തില്‍ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

















