തിരുവനന്തപുരം: ആലപ്പുഴ രഞ്ജീത്ത് വധക്കേസിൽ ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കമ്മീഷൻ അംഗം ആചാരി തള്ളോജു രഞ്ജീത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
അതേസമയം രഞ്ജീത്ത് വധക്കേസില്‍ ഇന്ന് ഒരാൾക്കൂടി അറസ്റ്റിൽ. ആലപ്പുഴ മുല്ലാത്ത് സ്വദേശി സുഹൈൽ ആണ് പിടിയിലായത്. പ്രധാന പ്രതികളിലൊരാളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് അറസ്റ്റ്. സുഹൈൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം 12 ആയി. ഇതിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രഞ്ജീത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രഞ്ജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ പിടിയിലായവരിൽ നിന്നും മറ്റ് പ്രതികൾ എവിടെയാണ് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

















