ആലപ്പുഴ: പുന്നപ്രയിൽ മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. പുന്നപ്ര സ്വദേശി അമൽ ബാബുവിനെയാണ് ഡിസംബർ 31ന് രാത്രിയിൽ കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് മർദിച്ചത്.
പരിക്കേറ്റ അമൽ ബാബുവിനെ പോലീസുകാർ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായും പരാതിയുണ്ട്. ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകൾ അമലിന്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോൾ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല. വില കൂടിയ മൊബൈൽ ഫോൺ പുന്നപ്ര പൊലീസ് നശിപ്പിച്ചെന്നും അമൽ ആരോപിക്കുന്നു.
അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് പോലീസിന്‍റെ മറുപടി.
പുതുവത്സരരാത്രിയിൽ ബൈക്കിൽസഹോദരിയെ വീട്ടിലാക്കി മടങ്ങി വരും വഴി പൊലീസ് കൈകാണിച്ചിരുന്നു. എന്നാൽ വണ്ടി നിർത്താതെ അമൽ ബാബു പോയി എന്ന് പറഞ്ഞ് പൊലീസ് അടിച്ചു വീഴ്ത്തി എന്നാണ് പരാതി. തെറി വിളിച്ചു എന്നു പറഞ്ഞാണ് പൊലീസ് മർദ്ദിച്ചതെന്നും അമൽ ബാബു പറയുന്നു.
എന്നാൽ അമൽ ബാബുവിൻ്റെ ആരോപണങ്ങൾ പൊലീസ് നിഷേധിക്കുന്നു. ഒമിക്രോൺ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊലീസ് വ്യാപകപരിശോധന നടത്തിയിരുന്നു. ഇങ്ങനെ രാത്രി പത്ത് മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ കേസെടുത്തിരുന്നുവെന്നും അതല്ലാതെ ആരേയും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം.

















