തിരുവനന്തപുരം: സില്‍വര്‍ ലൈന് പദ്ധതിയില്‍ വിശദമായ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. മാധ്യമ സ്ഥാപന മേധാവികളുമായി ഈ മാസം 25ന് പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പദ്ധതിക്കെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കം.
അതേസമയം കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുപിന്നാലെ വിശദീകരണ സെമിനാറുമായി സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ് കെ-റെയില്‍ നേരും നുണയും എന്ന പേരില്‍ ഇന്നുമുതല്‍ സെമിനാര്‍ നടത്തുന്നത്. മുന്‍ ധനകാര്യ മന്ത്രി കൂടിയായ തോമസ് ഐസക് ആണ് സെമിനാര്‍ അവതാരകന്‍. സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സമരം വിജയിച്ചതിൻ്റെ അടയാളമാണ് സിപിഐഎം സെമിനാറെന്നാണ് സമര സമിതിയുടെ അഭിപ്രായം.

















