മലപ്പുറം: രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാടെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യം സമസ്തയ്ക്കുണ്ട്. ചില രാഷ്ട്രീയ സംഘടനയുമായി ശക്തമായ ബന്ധവുമുണ്ട്. രാഷ്ട്രീയ പാർട്ടികൾ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്നും തങ്ങൾ പറഞ്ഞു.
തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നത്. വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മഹല്ലുകളിൽ പ്രതിഷേധിക്കുമെന്ന് നിലപാടെടുത്തതിൽ നിന്ന് സമസ്തയുടെ പിന്മാറ്റം ശ്രദ്ധേയമായിരുന്നു.

















