കുമരകം: കുമരകത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം .വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി. ശൗചാലയം തല്ലിത്തകര്‍ത്തു. ഒടുവില്‍ ഭിത്തിയില്‍ ഇങ്ങനെ എഴുതി, ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ വീട് ആക്രമിച്ച ആ ‘മിന്നല്‍ മുരളി’യെ തേടുകയാണ് പോലീസ്.
പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം.രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞരാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം.

















