തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവുകൾക്ക് 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ കെ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയുടെ അഭ്യർത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നിലവിൽ ഏകദേശം 63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ ഏറ്റെടുക്കേണ്ട 1,198 ഹെക്ടർ വരുന്നത് സ്വകാര്യ ഭൂമിയാണ്. അതുകൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.
അതേസമയം, കെ റെയിലിന്റെ വിശദ പദ്ധതി രേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് സാമൂഹിക ആഘാത പഠനം നടത്തുന്ന കോട്ടയത്തെ കേരള വോളന്റിയർ ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന് ഈ രേഖ കാണേണ്ട കാര്യം ഇല്ല എന്നും ഏജൻസി വാദിക്കുന്നു.
ഡിപിആർ കാണാതെ തന്നെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഏജൻസിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്നു. അഭിപ്രായം പറയാൻ ജനപ്രതിനിധികൾ പദ്ധതി രേഖ കാണേണ്ടതില്ലെന്നാണ് കേരള വോളന്റിയർ ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം.
പ്രത്യാഘാതത്തെ കുറിച്ചുള്ള പ്രാഥമിക അറിവുമാത്രമാണ് സർക്കാരിനുള്ളത്, ഈ റിപ്പോർട്ട് കൂടി പഠിച്ച ശേഷം സർക്കാരിന് പദ്ധതിയിൽ മാറ്റങ്ങൾ വരുത്താം. തങ്ങളുടെ ഏജൻസിക്ക് ഈ രംഗത്ത് പരിചയം ഇല്ലെന്ന വാദം തെറ്റാണെന്നും സാജു വി ഇട്ടി പറയുന്നു. കേരളത്തിൽ എൺപതിലധികം പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പതിനഞ്ചാം തീയതി മുതൽ കണ്ണൂരിൽ സർവ്വേ തുടങ്ങുമെന്നും ഏജൻസി വ്യക്തമാക്കി.

















