പാലക്കാട്: പാലക്കാട്ട് പാര്‍ട്ടിയിലുണ്ടാകുന്ന വിഭാഗീയതയില്‍ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നത് കാണുന്നുവെന്നും പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം അക്കാര്യം പറഞ്ഞത്.
പാർട്ടിക്കുള്ളിലെ വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. സംസ്ഥാന തലത്തിൽ പാർട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത പൂർണമായും ഒഴിവാക്കാനായിട്ടുണ്ട്. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുക എന്നും നേതാക്കൾക്ക് മുന്നറിയിപ്പായി പിണറായി പറഞ്ഞു. സംഘടന റിപ്പോർട്ടിനുള്ള മറുപടിയിലാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ പരാമർശമുണ്ടായത്. പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആദ്യാവസാനം മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്
സംസ്ഥാനത്ത് ഏറ്റവുമധികം പ്രാദേശിക വിഭാഗീയത നിലനിന്ന സമ്മേളനങ്ങളായിരുന്നു പാലക്കാട് ജില്ലയിലേത്. 15 ഏരിയാ കമ്മറ്റികളില്‍ ഒന്‍പത് ഇടത്ത് മത്സരം നടന്നു. ഇതെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാത്രമല്ല രണ്ട് ലോക്കല്‍ സമ്മേളനങ്ങള്‍ വിഭാഗീയതയും പ്രശ്‌നങ്ങളും മൂലം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ച്ചയിലും വിഭാഗീയതയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടന്നു. അതുകൊണ്ടാണ് സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടിയിന്മേല്‍ പിണറായി വിജയന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമ്മേളന പ്രതിനധികള്‍ക്കും ശക്തമായ മുന്നറിപ്പ് നല്‍കിയത്.
അതേസമയം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉണ്ടായത് ജില്ലാ നേതൃത്വത്തിനും സംസ്ഥാന ഭാരവാഹികൾക്കും എതിരെയും പാർട്ടിയിലെ വിഭാഗീയത സബംന്ധിച്ചും സമ്മേളനത്തിൻ്റെ ഭാഗമായുള്ള ചർച്ചയിൽ വിമർശനമുണ്ടായി.
കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കെടിഡിസി ചെയർമാൻ ആയതിന് ശശി പത്രത്തിൽ പരസ്യം നൽകിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പാർട്ടിയിലെ വനിതാ നേതാവിൻ്റെ പരാതിയിൽ നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തതും ചർച്ചയായി. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് ശശിക്കെതിരെ വിമർശനമുന്നയിച്ചത്.

















