തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരൻ്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ സിഐക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ സ്വീഡിഷ് പൗരനായ സ്റ്റീവ് എന്ന വിനോദസഞ്ചാരിയെ മദ്യം വാങ്ങിയതിൻ്റെ ബില്ല് കൈവശം വെക്കാത്താതിന് കോവളത്ത് വെച്ച് പോലീസ് പിടികൂടിയിരുന്നു.
പുതുവത്സരത്തിൽ പരസ്യമായ മദ്യപാനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് നടത്തുന്ന വാഹന പരിശോധനക്കിടെയാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരി സ്റ്റീവിനോട് മദ്യം കളയാൻ പോലീസ് ആവശ്യപ്പെട്ടത്. സ്റ്റീവിനെ തടഞ്ഞുനിര്‍ത്തി മദ്യം ഒഴിക്കിക്കളയിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി.
ഡിജിപി അനില്‍ കാന്തിനോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇ്‌പ്പോഴത്തെ നടപടി. ബില്ല് കൈവശമില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പോലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു.
തുടര്‍ന്ന് ബിവറേജില്‍ പോയി ബില്ലും വാങ്ങി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയാണ് സ്റ്റീവ് മടങ്ങിയത്. സംഭവത്തില്‍ പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രാവിലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പോലീസിൻ്റെ നടപടി നിര്‍ഭാഗ്യകരമാണ്. ടൂറിസ്റ്റുകളോടുള്ള പോലീസിൻ്റെ സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് ആവശ്യപ്പെട്ടു.

















