തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരനോട് പോലീസ് മോശമായി പെരുമാറി മദ്യം ഒഴുക്കികളഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഡിസിപി വൈഭവ് സക്സേന സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
കോവളത്ത് സ്വീഡിഷ് പൗരനെ തടഞ്ഞ്, കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിച്ച സംഭവത്തില്‍ പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രാവിലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പോലീസിൻ്റെ നടപടി നിര്‍ഭാഗ്യകരമാണ്. ടൂറിസ്റ്റുകളോടുള്ള പോലീസിൻ്റെ സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് ആവശ്യപ്പെട്ടു.
ബില്ല് കൈവശമില്ലെന്ന് കാട്ടിയാണ് സ്വീഡിഷ് പൗരനായ സ്റ്റീവൻ്റെ കയ്യിലെ മദ്യം പോലീസ് ഒഴുക്കി കളയിച്ചത്. സംഭവം ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ബില്ല് കാണിച്ചില്ലെങ്കിൽ ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും സ്റ്റീവൻ വെളിപ്പെടുത്തിയിരുന്നു.

















