പുതുവത്സരാശംസകള്‍ക്കൊപ്പം ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍. താരം ആദ്യമായി സംവിധായകനാവുന്ന ചിത്രം ‘ബറോസി’ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആണ് സോഷ്യല്‍ മീഡിയയിലൂടെ 12 മണിക്ക് പുറത്തുവിട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. മൊട്ടയടിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.
അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്‍റെ ചിത്രം പകര്‍ത്തിയത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിൻ്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും മോഹൻലാല്‍ എത്തുക. കോവിഡ് സാഹചര്യങ്ങളാൽ ബറോസിൻ്റെ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിൻ്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേക്കു പോയി. അതോടെ ചിത്രീകരണവും നിന്നു. ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു. ഡിസംബർ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F483635056463098&show_text=true&width=500
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം.
നിധി കാക്കുന്ന ഭൂതത്തിൻ്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിൻ്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല ‘ബറോസ്’ ടീമിനൊപ്പമില്ല.
സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളർച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോ പുന്നൂസിൻ്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിൻ്റെ ഭാഗമാണ്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
















